വഴിതെറ്റി ഒരു കാട്ടിലൂടെ പോവുകയാണെന്ന് കരുതുക. കയ്യിലുണ്ടായിരുന്ന ചൂട്ടു വെളിച്ചം എപ്പോഴോ കെട്ടു. കണ്ണിന് മുന്നിൽ കൊഴുത്ത് തങ്ങി നില്കുന്ന ഇരുട്ടും വനമിടിപ്പുകളും പിന്നെ ഇരുമുടിക്കെട്ടും മാത്രം കൂട്ട്. ചവിട്ടുന്നത് കല്ലിലും മുള്ളിലും. കുറ്റിക്കാടുകൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നിരീക്ഷിക്കുന്നു. നടന്നു നടന്നെത്തുന്നതോ വീണ്ടും പഴയ വഴിയിലേയ്ക്ക്. പാദങ്ങളിൽ വഴുക്കുന്നതെന്തോ പരതുന്ന പോലെ. ഹതാശനായി കീഴടങ്ങി നിൽക്കുമ്പോൾ അതാ കാണുന്നു താഴ്വാരത്തിലേയ്ക്ക് ഇറങ്ങി പോകുന്ന പൊത്തിപ്പിടിച്ചൊരു ഒരു കൊച്ചു വെളിച്ചം. ഹൃദയം കയ്യിലെടുത്ത് വെളിച്ചത്തിനു പിന്നാലെ പാഞ്ഞ് മണ്‍പടികളിറങ്ങി എത്തുന്നത് ഒരു കൽ മണ്ഡപത്തിൽ. തണുത്ത കാറ്റിൽ ആയിരം അരണ്ട ജിമുക്കുകളിളക്കി ഒരാൽ മരം അരികെ. അകലെയല്ലാതെ തെളിനീരരുവിയിലേയ്ക്കൊരു കൽപ്പടവ്. സംശയിച്ച് നിൽക്കുമ്പോൾ തോളിൽ ഒരു നനുത്ത കരസ്പർശം. സുസ്മേര വദനനായി അയ്യപ്പസ്വാമി! വിധേയനായി കൂടെ പുലിയും. വിശേഷങ്ങളും ഇരുമുടിക്കെട്ടിലുള്ളതും പങ്ക് വെച്ച് നന്നായി ഉറങ്ങിയെണീക്കുന്നത് രാവിൻറെ നടുവിലേയ്ക്ക്. ഒത്തിരി ദൂരെ, വനമുകളിലേയ്ക്ക് നീളുന്ന പാതയിൽ തിരക്കിട്ട വാഹനങ്ങളുടെ പ്രകാശശ്രേണി പൊ...