ഗുരുപുരാണം - രണ്ട്. വാ കീറിയവൻ വരമരുളും!
ഗുരുപുരാണം - രണ്ട്. വാ കീറിയവൻ വരമരുളും! "പാൽപ്പൊടി വേണോ" എന്ന വിളി കേട്ടാണ് ഉണർന്നത്. വേലിക്ക് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത്, പത്തൽ തലപ്പുകൾക്ക് മുകളിൽ ഉയർന്ന് നില്ക്കുന്ന ഒരു വാരിക്കുട്ടയും അതിൽ നിറയെ സാധനങ്ങളും. ആദ്യം വിചാരിച്ചത് മണ്‍കലമോ പാത്രങ്ങളോ വിൽക്കാൻ വന്നവരാരോ ആണെന്നാണ്. അല്ല, തലയിൽ കുട്ടയുമേന്തി പരശുരാമ ഗുരുവിന്റെ ഭാര്യ ഭാർഗ്ഗവി. വാരിക്കുട്ട നിറയെ അമൂൽ, ബോണ്‍വിറ്റ ടിന്നുകൾ. പിന്നിൽ പാൽപൊടി കൊണ്ട് കൂമ്പാരം കൂട്ടിയ കൈവെള്ള നക്കി മൂക്കള വലിച്ച് കേറ്റി രണ്ട് മക്കൾ. 'വേണ്ട പൊയ്ക്കോ' എന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ച ശേഷം വരാന്തയിലെ ചാരുകസാരയിലിരുന്ന് തലേന്ന് രാത്രിയിലെ സംഭവങ്ങളും അതിലേക്ക് വഴി വെച്ച കാര്യങ്ങളും ഓർത്തെടുത്തു. മോഹനൻ പിള്ളയുടെ രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത് നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ്. അവൾ ജനിച്ചപ്പോൾ മുതൽ തുടങ്ങി പിള്ളയുടെ കരുതലുകളിലും നിയന്ത്രണങ്ങളിലും സാമാന്യത്തിലും വലിയ ഒരു വർധന. കുഞ്ഞ് മുട്ടിലിഴയാൻ തുടങ്ങിയപ്പോൾ പുറത്തേക്കുള്ള വാതിലുകൾക്ക് അരമുട്ട് പൊക്കത്തിൽ ബന്ധനം വെച്ചു. പിച്ച നടക്കാറായപ്പോൾ വേലി...